വൈക്കം മുഹമ്മദ് ബഷീര്‍- മലയാള സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. മലയാള ചെറുകഥയേയും നോവലിനേയും പുതിയ ദിശയിലേക്ക് നയിച്ച ഇദ്ദേഹം വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908 ല്‍ ജനുവരി 19 ന് ജനിച്ചു.സാഹിത്യരംഗത്ത് മാത്രമല്ല, സ്വാതന്ത്ര്യസമരരംഗത്തും ഇദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം കാണാവുന്നതാണ്. "ഞാന്‍ ഗാന്ധിജിയെ തൊട്ടു" എന്നത് ബഷീറിന്റെ ഒരു പ്രശസ്ത വാക്യമാണ്. "തൊട്ടു" എന്ന പദത്തില്‍ ബഷീറിന് ഗാന്ധിജിയോടുള്ള ആരാധനാഭാവം തുളുമ്പുകയാണ്. 1925-ല്‍ വൈക്കം സത്യാഗ്രഹികളെ കാണാന്‍ എത്തിയ ഗാന്ധിജിയെ നേരില്‍ കാണുകയും സ്പര്‍ശിക്കുകയും ചെയ്തത് മഹത്തായ അനുഭവമായി ബഷീര്‍ കരുതുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം. സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട ബഷീര്‍ വീട്ടില്‍ നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. "വാനരസേന" എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം രൂപവത്കരിച്ച് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കാന്‍ ശ്രമിച്ചു. തീവ്രവാദനിലപാടില്‍ ആകൃഷ്ടനായ ബഷീര്‍ "ഉജ്ജീവനം" എന്ന വാരികയും നടത്തി.
ബഷീറിന്റെ കൃതികളെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. തന്റെ കൃതികളിലൂടെ അദ്ദേഹം സ്വയം ഒരു ഇതിഹാസപുരുഷനായി മാറി. അദ്ദേഹം മലയാള ഭാഷയ്ക്ക് സ്വന്തമായ ചില വാക്കുകളും ശൈലികളും സംഭാവന ചെയ്തിട്ടുണ്ട്. കാവ്യാത്മകത തുളുമ്പുന്ന അനുകരണീയമായ വര്‍ത്തമാന ഭാഷയാണ് അദ്ദേഹം രചനയ്ക്കുപയോഗിച്ചത്. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലികളും കഥയെ വേഗത്തില്‍ ശ്രദ്ധേയമാക്കി. ഓരോ കൃതിയും വായനക്കാരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യുന്നു. ബഷീര്‍ എന്നും പച്ചയായ മനുഷ്യന്റെ ഉറ്റചങ്ങാതിയായിരുന്നു. രാകി മിനുക്കി നിറം പിടിപ്പിച്ചിട്ടില്ലാത്ത ,കൃത്രിമമായി വച്ചുകെട്ടിയതല്ലാത്ത നൈസര്‍ഗിക സ്നേഹമാണ് അദ്ദേഹത്തിന് മനുഷ്യവര്‍ഗത്തോടുള്ളത്. സാഹിത്യഭാഷയ്ക്കും സാധാരണഭാഷയ്ക്കുമിടയ്ക്ക് ഒരതിര്‍വരമ്പും കാണാത്ത അദ്ദേഹം മറ്റേങ്ങും കാണാത്ത കുളിമയും പുതുമയും,
ഫലിതം,ശോകം ഇവ നിറഞ്ഞു നില്‍ക്കുന്ന കഥകളില്‍ പോലും നിപുണമായി കൈകാര്യം ചെയ്യുന്നു. എല്ലാ മതങ്ങളും രാഷ്ട്രീയസിദ്ധാന്തങ്ങളും സാമൂഹിക സ്ഥാപനങ്ങളും ഉത്ഭവിക്കുന്നതെങ്ങനെയായാലും അവ നടത്തിപ്പില്‍ വരുമ്പോള്‍ ആദര്‍ശങ്ങളില്‍ നിന്നും എത്രയോ അകന്നുമാറുന്നുവെന്ന കണ്ടറിവ് അദ്ദേഹത്തിന്റെ പല കൃതികളിലും പ്രതിഫലിക്കുന്നു.
കുനിയനുറുമ്പു മുതല്‍ ആനവരെയും പച്ചപ്പുല്ലു മുതല്‍ മാമരം വരെയും ബഷീര്‍ കൃതികളില്‍ കാണാം. കേവലമായ പശ്ചാത്തല വിവരണങ്ങളല്ല ഇവ. സമസ്ത ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് ബഷീര്‍ വിശ്വസിക്കുന്നു. ഈ ഭൂമി തനിക്ക് തീറെഴുതി കിട്ടിയതാണെന്ന മനുഷ്യന്റെ അഹങ്കാരത്തെ 'ഭൂമിയുടെ അവകാശികള്‍' എന്ന കൃതിയിലൂടെ ബഷീര്‍ കളിയാക്കുന്നു.
ആനവാരിയും പൊന്‍കുരിശും, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍ (നോവലുകള്‍), ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, വിശപ്പ്, ശിങ്കിടി മുങ്കന്‍ (കഥകള്‍), കഥാബീജം (നാടകം), അനര്‍ഘനിമിഷം, ധര്‍മ്മരാജ്യം(ലേഖനങ്ങള്‍), ഭാര്‍ഗവീനിലയം(തിരക്കഥ), സര്‍പ്പയജ്ഞം(ബാലസാഹിത്യം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ബേപ്പൂരിന്റെ സുല്‍ത്താനായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1994ജൂലായ് 5 ന് ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു.ഒന്നോര്‍ക്കുക,മലയാളഭാഷയും സാഹിത്യവും നിലനില്‍ക്കുന്നിടത്തോളം കാലം ബഷീര്‍ മലയാളികള്‍ ഒപ്പം മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കും.
ജുലായ് 5 (2011-2012) ബഷീര്‍ ദിനത്തില്‍ IX - A യിലെ ഗോപിക. എം. അവതരിപ്പിച്ച പ്രഭാഷണം